ജനൽ അഴികൾക്കിടയിലൂടെ റുക്സാറിന് അവളെ കാണാം. കാത്തിരിപ്പിന്റെ മുഷിച്ചിലിനേക്കാൾ വന്നുചേരാൻ പോകുന്ന നേട്ടത്തിന്റെ സന്തോഷമാണ് അവളിൽ. അവളുടെ ദൃഢതയാർന്ന കണ്ണുകൾ റുക്സാറിന് തന്റെ പ്രതിബിംബം കാട്ടിക്കൊടുത്തു.
താൻ ആകെ മാറിയിരിക്കുന്നു. കാലം അങ്ങനെയാണ്. മനുഷ്യരെ വേഗം വൃദ്ധരാക്കും.
നദീമുമായി നിക്കാഹ് കഴിഞ്ഞു മുണ്ടക്കയത്തേക്ക് വരുമ്പോൾ തനിക്ക് വെറും പത്തൊൻപതു മാത്രം പ്രായം. വരുന്ന ആലോചനകൾ മുടങ്ങുന്നത് പതിവായപ്പോൾ പ്രായം പോയതറിഞ്ഞില്ല. ഒരു പെങ്ങൾ മാത്രം വീട്ടിൽ നിൽക്കുന്നത് കുടുംബത്തിന് നാണക്കേടാകുന്നു എന്നായപ്പോൾ അണ്ണച്ചിമാർ സ്വന്തം സുഹൃത്തിനെ അളിയനാക്കി.
നദീമിന്റെ വീട്ടുകാരുമായി ഒത്തു പോകാൻ വളരെ ബുദ്ധിമുട്ടായിരുന്നു. അവരുടെ എതിർപ്പ് വകവയ്ക്കാതെ നടന്ന വിവാഹം ആയതിനാൽ ദിവസേന പ്രശ്നങ്ങൾ മുളപൊക്കിക്കൊണ്ടേയിരുന്നു. തൊട്ടതിനും പിടിച്ചതിനും വഴക്കാണ്, വിട്ടുകൊടുക്കാൻ റുക്സാറിനും ആയില്ല.
താമസം മാറുകയല്ലാതെ വേറെ വഴിയില്ല എന്നായപ്പോൾ തന്റെ വിഹിതമായി കിട്ടിയ മൂന്നു സെന്റിൽ ഒരു വീട് പണിയാം എന്ന് നദീം സമ്മതം മൂളി.
ഒരു ആവശ്യം വരുമ്പോൾ കുടുംബക്കാർ ബദ്ധവൈരികളാകുമല്ലോ. ഇവിടെയും പ്രത്യേകിച്ച് മാറ്റമൊന്നും സംഭിച്ചില്ല. ബിയാനി സേട്ടിൽ നിന്നും അഞ്ഞൂറ് രൂപ റൊക്കം വാങ്ങി വീടുപണി പൂർത്തിയാക്കി. നദീമിന്റെ പച്ചക്കറിക്കട കൊണ്ടു മാത്രം കടം വീട്ടാൻ ആകില്ലെന്ന് ഉറപ്പായപ്പോൾ റുക്സാർ തയ്യൽ ഒരു തൊഴിലായി സ്വീകരിച്ചൂ.
സാഹിലിന്റെ ജനനത്തോടെ എല്ലാം ഒന്ന് കരയ്ക്കടിയാൻ തുടങ്ങി. ഹയയും അയാനും കഷ്ടപ്പാടുകൾ അറിയാതെയാണ് വളർന്നു വന്നത്. സൈമയുടെ വരവിനായി കാത്തുനിൽക്കാതെ നദീം പോയപ്പോൾ എല്ലാം റുക്സാറിന്റെ ഉത്തരവാദിത്വം ആയി. സമ്പത്ത് കണ്ട് അടുത്തൂകൂടാൻ വന്ന ആരെയും റുക്സാർ കണ്ടതായി ഭാവിച്ചില്ല.
തന്റെ മക്കൾ വിദ്യാസമ്പന്നർ മാത്രം ആയാൽ പോര, അവർ സാമ്പത്തികമായി സ്വതന്ത്രരായിരിക്കണമെന്ന് റുക്സാറിന് നിർബന്ധമുണ്ടായിരുന്നു. പക്ഷേ അവർ തന്നെ ഉപേക്ഷിച്ച് വെളി നാടുകളിൽ പോകുമെന്ന് റുക്സാർ കരുതിയില്ല. ഇതൊന്നും റുക്‌സാറിനെ തളർത്തിയതുമില്ല. പക്ഷേ റുക്സാർ ജീവിച്ചിരിക്കുന്നുവോ എന്നു പോലും അന്വേഷിക്കാൻ അവർ താൽപ്പര്യം പ്രകടിപ്പിച്ചില്ല.
സൈമയിൽ മാത്രമാണ് രുക്സാറിന് തന്റെ പ്രതിച്ഛായ കാണുവാൻ കഴിഞ്ഞത്. നാടും വീടും അവൾക്ക് സ്വർഗമായിരുന്നൂ. സൈമയ്ക്ക് പിന്മുറക്കാർ ഇല്ലാത്തതിൽ റുക്സാറിന് നിരാശ ഉണ്ടായിരുന്നു. എങ്കിലും അത് പുറത്തു കാട്ടിയില്ല എന്ന് മാത്രം. തന്റെ മറ്റു കൊച്ചുമക്കളെ നേരിൽ കാണാനും കഴിഞ്ഞിരുന്നില്ല.
അങ്ങനെയിരിക്കെയാണ് ഒരു ദിവസം എല്ലാവരെയും കാണണം എന്ന് തോന്നിയത്. ആ യുവതിയുടെ, തന്നെ നോക്കിയുള്ള നിൽപ്പ് റുക്സാറിന് അതിന്റെ കാര്യം വ്യക്തമാക്കി കൊടുക്കുകയും ചെയ്തു.
മക്കളും ചെറുമക്കളും ഒക്കെ വന്നു തുടങ്ങി. അതെ, അവൾ ഇപ്പോഴും അവിടെ തന്നെയുണ്ട്. അവളുടെ ആകർഷണ വലയത്തിലേക്ക് വഴുതി വീഴുന്നതായി റുക്സാറിന് അനുഭവപ്പെട്ടു. ഇല്ല, അവൾക്ക് തന്നെ ജയിക്കാനാവില്ല.
ഒരു നേർത്ത പുഞ്ചിരിയോടെ റുക്‌സാർ തനിക്കരികിലേക്ക് നടന്നടുത്ത ഇനായത്തിനെ നോക്കി. സൈമ പറഞ്ഞു റുക്സാറിന് ഇനായത്തിനെ അറിയാം. തന്നെ വാർത്തുവച്ചിരിക്കുന്ന പിൻഗാമി. ആദ്യമായി കാണുകയാണ്, പക്ഷെ ജന്മാന്തര അടുപ്പം തോന്നുന്നുണ്ട്. അതെ താൻ തന്നെയാണ് ഇനായത്ത്.
സംതൃപ്തിയോടെ റുക്‌സാർ ജനൽപാളികൾക്കിടയിലൂടെ കണ്ണോടിച്ചു. അവളുടെ ചിരി മായ്ഞ്ഞിരിക്കുന്നു. തന്നെ ജയിക്കാനാകില്ലെന്ന് അവൾക്ക് ഉറപ്പായിരിക്കുന്നു. അതെ താൻ അജയ്യയാണ്.